കൊച്ചി: ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യം ഈ ഏലയ്ക്കയിലുണ്ടെന്നും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നുമാണ് ഈ റിപ്പോർട്ട് വിശദമാക്കുന്നത്. കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് റിപ്പോർട്ടിൽ നൽകിയിട്ടുള്ളത്. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈക്കോടതി ഇന്ന് ഈ റിപ്പോർട്ട് പരിഗണിക്കും.
അതേസമയം, അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.

