കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. സംസ്ഥാന കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഇടത് അനുകൂല ചിന്താഗതിയുള്ളവരുണ്ടായിട്ടും സംഘപരിവാർ അനുകൂലിയെ തന്നെ ദൃശ്യാവിഷ്കാരം ഒരുക്കുന്നതേൽപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോവെന്ന് അദ്ദേഹം ചോദിച്ചു.
വിഷയത്തിൽ സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണം. കലോത്സവം പോലൊരു വേദിയിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അത് നേരത്തേ കണ്ട് ബോധ്യപ്പെടാനുള്ള സംവിധാനമുണ്ട്. സംഘപരിവാർ പ്രവർത്തനപരിചയമുള്ള ആളുകളെയാണ് ഇതേൽപ്പിച്ചത്. ഇടതുപക്ഷ ചിന്താഗതിയുള്ള എത്രയോ ആളുകളുണ്ടായിരുന്നു. സംഘപരിവാർ അനുകൂലിക്ക് തന്നെ ഇതുകൊടുക്കണമായിരുന്നോ എന്നതാണ് ചോദ്യമെന്നും ഇതെവിടെയോ മനപ്പൂർവമായി തന്നെ ചെയ്ത കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ദൃശ്യാവിഷ്കാരം ഒരുക്കാൻ ആളുകളെ ഏൽപ്പിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കേണ്ടത് ആവശ്യമല്ലേ. സംഘാടകരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചു. പിഞ്ചുകുട്ടികൾക്കിടയിൽ ഭീകരവാദമെന്നാൽ മുസ്ലിം എന്നാൽ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് എത്ര ഭീകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സ്കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം നിർഭാഗ്യകരമാണ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. വർഷങ്ങളായി സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്. ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് കെ പി എ മജീദ് അഭിപ്രായപ്പെട്ടു.
മതത്തിന്റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.
സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തിൽ വിഭാഗീയത വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

