ഹരിതകര്‍മ സേനയ്ക്ക് 100% യൂസര്‍ഫീ ശേഖരിക്കാന്‍ അനുമതിയുണ്ടെന്ന് മന്ത്രി എം.ബി രാജേഷ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനയ്ക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 100% യൂസര്‍ഫീ ശേഖരിക്കാന്‍ അനുമതിയുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇതിനനുയോജ്യമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി ഹരിതകര്‍മ സേന നല്‍കുന്ന യൂസര്‍ ഫീ കാര്‍ഡ്/രസീതിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകനോട് നിര്‍ദ്ദേശിക്കാം. യൂസര്‍ ഫീസ് പിരിക്കുന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം തെറ്റിദ്ധാരണാജനകമായ മറുപടി നല്‍കിയ ഉദ്യോഗസ്ഥനോടു വിശദീകരണം ചോദിക്കും. ഇതിന്റെ ചുവടുപിടിച്ച് നുണപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. തദ്ദേശ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്കണം.മാലിന്യം നീക്കാന്‍ ഹരിത കര്‍മ സേനാംഗങ്ങള്‍. ചെയ്യുന്ന സേവനം വിലമതിക്കാനാകാത്തതാണ്. ഇതിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 രൂപ ഫീസ് വലിയ കൊള്ളയാണെന്ന് ചിത്രീകരിക്കുന്നതു ക്രൂരതയാണ്. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ശേഖരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന യൂസര്‍ ഫീസ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കാന്‍ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.ഇതിനായി വിപുലമായ നിയമം ഒരുങ്ങുകയാണ്’- മന്ത്രി കൂട്ടിച്ചേര്‍ത്തു.