ടോക്കിയോ: ജപ്പാനിൽ കോവിഡ് കേസുകളും മരണ നിരക്കും ഉയരുന്നു. വെള്ളിയാഴ്ച മാത്രം 456 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണ് വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ആയിരത്തോളം പേരാണ് കഴിഞ്ഞ 30 ദിവസത്തിനിടെ കോവിഡ് മൂലം ജപ്പാനിൽ മരിച്ചത്.
നിലവിൽ ജപ്പാൻ കടന്നു പോകുന്നത് കോവിഡിന്റെ എട്ടാം തരംഗത്തിലൂടെയാണ്. പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർദ്ധിക്കുമെന്ന് നേരത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
നവംബർ മാസം മുതൽ ജപ്പാനിൽ കോവിഡ് മരണനിരക്ക് ഉയരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

