കോട്ടയം: വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബഫർസോൺ വിഷയത്തിൽ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി നേതാവായതിനാൽ അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയുണ്ടെങ്കിൽ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പാവാലിയിലെയും ഏഞ്ചൽവാലിയിലെയും പ്രദേശങ്ങളെ മുഴുവൻ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡൽഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 1,200 ഓളം കുടുംബങ്ങൾ എവിടെ പോകുമെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീംകോടതി വിധി വന്ന ജൂൺ മൂന്ന് മുതൽ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷയം പഠിക്കാതെ വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജന താൽപര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
74 വർഷമായി സാധാരണക്കാർ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോൾ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയിൽ വനഭൂമിയെന്ന ബോർഡ് വച്ചാൽ അത് കാട്ടിൽ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വന്തം ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചാൽ അത് അംഗീകരിക്കുമോയെന്നും രക്തഹാരം അണിയിച്ച് ഭൂമി ഏറ്റെടുക്കാൻ വരുന്നവരെ സല്യൂട്ട് ചെയ്യുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

