അഗ്നിപഥ് പദ്ധതി എന്താണെന്ന് ആദ്യം മനസ്സിലാക്കി തരൂ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് പദ്ധതിയും ജിഎസ്ടിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ അദ്ദേഹം ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അഗ്നിപഥ് പദ്ധതി എന്താണെന്ന് ആദ്യം തനിക്ക് മനസ്സിലാക്കി തരൂ. ബിജെപിക്കാർ പറയുന്നത് അവർ രാജ്യസ്‌നേഹികളാണെന്നാണ്, അവരുടെ രാജ്യസ്‌നേഹം മനസ്സിലാക്കിത്തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ട് തരത്തിലുള്ള ഇന്ത്യകളാണ് ഉള്ളത്. ഒന്ന് കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, തൊഴിൽരഹിതരായ യുവാക്കൾ. രണ്ടാമത്തേത് രാജ്യത്തിന്റെ സമ്പത്ത് കൈവശം വച്ചിരിക്കുന്ന 200-300 പേർ. സംസ്ഥാനത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെയും രാഹുൽ വിമർശനം ഉന്നയിച്ചു.

ഹരിയാനയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തൊഴിലില്ലായ്മയിൽ ചാമ്പ്യൻ. നിങ്ങൾ എല്ലാവരെയും പിന്നിലാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നയങ്ങളല്ലെന്നും ചെറുകിട ഇടത്തരം വ്യവസായങ്ങളെ തകർക്കാനുള്ള ആയുധങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.