ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ: സർക്കുലർ പുറത്തിറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് സർക്കാർ ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ധനവകുപ്പ് നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് തലവന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥ ലംഘിച്ചു ചെലവിടുന്ന തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ചെലവ് കർശനമായി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മാസത്തിലാണ് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വാഹനം വാങ്ങുന്നതിനും ഓഫീസ് മോഡി പിടിപ്പിക്കുന്നതിനും നിയന്ത്രണം, വിമാനയാത്ര നിയന്ത്രണം, അധിക ചെലവ് കർശനമായി കുറയ്ക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ ആയിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. ഈ നിർദ്ദേശങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. ധനവകുപ്പ് ഉത്തരവിലെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് അദ്ദേഹം പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കടമെടുപ്പ് പരിധി ഉയർത്തണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്.