തിരുവനന്തപുരം: സംസ്ഥാന മുസ്ലിംലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായി. 25 ലക്ഷം അംഗങ്ങളാണ് ഇത്തവണ അംഗത്വ കാമ്പയിന്റെ ഭാഗമായത്. ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനിൽ 2,433,295 പേർ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തു. 2022 നവംബർ ഒന്ന് മുതൽ 30 വരെയായിരുന്നു അംഗത്വ ക്യാMeമ്പയിൻ. 2016ൽ 22 ലക്ഷം ആയിരുന്നു അംഗങ്ങളുടെ എണ്ണം.
ഈ ക്യാമ്പയിനിൽ 233,295 അംഗങ്ങളുടെ വർദ്ധനവ് ഉണ്ടായി. മുസ്ലിംലീഗ് അംഗത്വമെടുത്തവരിൽ 51 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷന്മാരുമാണ്. അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 35 വയസ്സിൽ താഴെയുള്ളവരാണ് എന്നത് പ്രധാന പ്രത്യേകതയാണ്. യുവാക്കളും യുവതികളും ധാരാളമായി മുസ്ലിംലീഗിലേക്ക് കടന്നുവരുന്നതിന്റെ സൂചനയാണിത്. മാർച്ച് 10ന് ദേശീയ സമ്മേളനം ചെന്നൈയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ ഡിസംബർ ഒന്നിന് ആരംഭിച്ച വാർഡ് കമ്മിറ്റികളുടെ രൂപീകരണം ഡിസംബർ 31ന് പൂർത്തീകരിച്ചു. ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാ കമ്മിറ്റികൾ രൂപീകരിച്ചുവരികയാണ്. ജനുവരി പതിനഞ്ചിനകം പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാകും. 15ന് ശേഷം മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. ശേഷം ജില്ലാ കമ്മിറ്റികളും രൂപീകരിക്കും. മാർച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരും. സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികൾ വരുന്നത്. മുസ്ലിംലീഗ് കമ്മിറ്റികൾക്കൊപ്പം വാർഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപീകരിച്ച് വരികയാണ്. വളരെ സുതാര്യമായും ശാസ്ത്രീയമായും അംഗത്വ കാമ്പയിൻ പൂർത്തീകരിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംസ്ഥാന നേതൃത്വം. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അതേസമയം, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റികളെയും അംഗങ്ങളായി പരിഗണിക്കുമെന്നും അത്തരം മാറ്റിനിർത്തൽ ലീഗിന് ഇല്ലെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുസ്ലിംലീഗ് കോർഡിനേഷൻ യോഗത്തിൽ നിന്നും മുജാഹിദ് വിഭാഗം പിന്മാറിയ വിഷയത്തിൽ നേതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

