ന്യൂ ഇയര്‍ ആഘോഷത്തിന് കൊച്ചിയില്‍ എത്തിയത് 5 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്‌

അഞ്ചു ലക്ഷത്തോളം പേരാണ് ഇത്തവണ ന്യൂ ഇയര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ക്ക് തടസമായി ഉയരുന്ന പ്രധാന പ്രശ്‌നം കൊച്ചിയിലെ സ്ഥലപരിമിതിയാണ്. ആഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തിയവരില്‍ 200 ലധികം ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് ചികിത്സാ സഹായം തേടിയത്.
യാത്രസൗകര്യത്തിന്റെ അപര്യാപ്തതയും തിരക്കും ആഘോഷപരിപാടികള്‍ക്കായി കൊച്ചിയിലെത്തിയ ജനങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളികളാണ്.

‘ഡിസംബര്‍ 31ന് രാത്രി നിയന്ത്രിക്കാനാവാത്ത വിധത്തില്‍ ജനങ്ങള്‍ റോ റോ യില്‍ ഇരച്ചു കയറുകയാണുണ്ടായത്. മിക്കവരും ടിക്കറ്റുകള്‍ പോലും എടുക്കാതെയാണ് കയറിയത്. ജനങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത അവസ്ഥയാണ് അന്ന് ഉണ്ടായതെന്ന് സിറില്‍ അബ്രഹാം- കെ.എസ്.ഐ.എന്‍.സി കൊമേഷ്യല്‍ മാനേജര്‍ പറയുന്നു. ഇത്രയധികം ജനങ്ങളെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുന്‍ മേയറും കൊച്ചി കാര്‍ണിവല്‍ സംഘാടകസമിതി അംഗവുമായ കെ.ജെ സോഹനും വ്യക്തമാക്കി. ‘ഇന്ത്യയില്‍ ന്യൂ ഇയര്‍ സെലിബ്രേഷന്‍ സ്‌പോട്ടുകളില്‍ കൊച്ചിയ്ക്ക് അതിന്റേതായ സ്ഥാനം ഉണ്ട്. മാത്രമല്ല, ഇതൊരു ഗ്ലോബല്‍ സെലിബ്രേഷനാണ്, സാമൂഹിക മാധ്യമങ്ങള്‍ ജനങ്ങളെയും യുവതലമുറയെയും വലിയ രീതിയില്‍ സ്വധീനിക്കുന്നുണ്ട്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ സര്‍ക്കാരും കേരള ടൂറിസ്റ്റ് വകുപ്പുമായി സഹകരിച്ച് കൊച്ചിയുടെ മുഖമുദ്രയായ കൊച്ചി കാര്‍ണിവലിനെ വിപുലമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊച്ചിയില്‍ വളരെ ചെറിയ ഏരിയ കേന്ദ്രീകരിച്ചാണ് പുതുവത്സരരാവ് ആഘോഷങ്ങള്‍ നടക്കുന്നത് എന്നത് പ്രധാന പോരായ്മയാണ്. 1984 ലാണ് ആദ്യമായി ‘കാര്‍ണിവലേ കൊച്ചി’ എന്ന പേരില്‍ കൊച്ചി കാര്‍ണിവല്‍ നടത്തുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ തുടങ്ങുന്ന ആഘോഷ പരിപാടികള്‍, വര്‍ണശബളമായ കാര്‍ണിവല്‍ റാലി, പ്രച്ഛന്ന വേഷങ്ങള്‍ തുടങ്ങിയവയാണ് കൊച്ചി കാര്‍ണിവലിന്റെയും ന്യൂ ഇയര്‍ ആഘോഷപരിപാടികളുടെയും പ്രധാന ആകര്‍ഷണങ്ങളായി കരുതപ്പെടുന്നത്. കൂടാതെ, പപ്പാഞ്ഞിയെ കത്തിക്കല്‍ പഞ്ചവാദ്യം, വെടിക്കെട്ട്, ഡിജെ പാര്‍ട്ടികള്‍ തുടങ്ങിയവ കൊച്ചി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു.