ബീയാര്‍ പ്രസാദിന് വിട

കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61)അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്.

കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തില്‍ ബിരുദം നേടിയ ബിയാര്‍ പ്രസാദ്, പിന്നീട് ടെലിവിഷന്‍ അവതാരകനായാണ് ശ്രദ്ധ നേടുന്നത്. 2003-ല്‍ മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയില്‍ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ ചിത്രം സീതാകല്യാണം ആയിരുന്നെങ്കിലും അത് കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷമാണ് റിലീസായത്.

‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാര്‍ പ്രസാദ് രചിച്ചിട്ടുണ്ട്. ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് ബീയാര്‍ പ്രസാദ് ഗാനരചന നിര്‍വഹിച്ചു. സിനിമകള്‍ കൂടാതെ സംഗീത ആല്‍ബങ്ങള്‍ക്കും ബീയാര്‍ പ്രസാദ് രചന നിര്‍വഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ പ്രഭാത പരിപാടിയായ സുപ്രഭാതത്തിന്റെ അവതാരകനായി ഏറെക്കാലം മിനിസ്‌ക്രീനിലും അദ്ദേഹം തിളങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സനിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.