പത്തനംതിട്ട നഗരത്തില്‍ 133 അടി ഉയരത്തിലുള്ള അയ്യപ്പ ശില്‍പം ഒരുങ്ങുന്നു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിന്റെ ഹ്യദയഭാഗമായ ചുട്ടിപ്പാറയില്‍ 133 അടി ഉയരത്തിലുള്ള അയ്യപ്പന്റെ ശില്‍പം നിര്‍മിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. ഇവിടെയാണ് ശില്‍പം സ്ഥാപിക്കുന്നത്. 34 കിലോമീറ്റര്‍ അകലെ നിന്നു വരെ കാണാവുന്ന രീതിയിലാകും ശില്‍പമെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ആഴിമലയില്‍ ശിവപ്രതിമ നിര്‍മിച്ച ദേവദത്തനാണ് അയ്യപ്പ പ്രതിമയുടെയും ശില്‍പി. ഭഗവാന്റെ യോഗനിദ്രയിലുള്ള ശില്‍പത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്. നാലര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 3 കോടിയാണ് അയ്യപ്പന്റെ ശില്‍പത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ദ്ധതി മുഴുവനായും തീര്‍ക്കാനായി 32 കോടിയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, അയ്യപ്പന്റെ ജനനം മുതല്‍ ശബരിമലയില്‍ കുടികൊള്ളുന്നത് വരെയുള്ള ചരിത്രം ഉള്‍പ്പെടുത്തിയ ജടായുപ്പാറ മാതൃകയിലുള്ള മ്യൂസിയവും പദ്ധതിയിലുണ്ട്. മ്യൂസിയം. പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും പമ്പ, അഴുതാ നദികളുടെയും വിവരണങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ചുട്ടിപ്പാറയിലേക്കുളള പാതയും പഴനി മാതൃകയില്‍ റോപ്വേയും നിര്‍മിക്കും. മാളികപ്പുറത്തമ്മയുടെ രൂപം കാണാവുന്ന തരത്തിലാണ് ശില്‍പമെന്ന് ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മോക്ഷഗിരി മഠം ഡോ.രമേഷ് ശര്‍മ പറഞ്ഞു. പദ്ധതിക്കാവശ്യമായ പണം നല്‍കാന്‍ നിരവധി അയ്യപ്പ ഭക്തര്‍ മുന്നോട്ട് വന്നിട്ടുള്ളതായും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന അദ്ദേഹം വ്യക്തമാക്കി.