വാഷിങ്ടൻ: 2023ൽ ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം യുഎസിലും യൂറോപ്യൻ യൂണിയനിലും ചൈനയിലുമുണ്ടായതിനേക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇനി ഉണ്ടാകാൻ പോകുന്നതെന്നാണ് ക്രിസ്റ്റലീസ നൽകുന്ന മുന്നറിയിപ്പ്. ചൈനയിലെ സ്ഥിതി അടുത്ത മാസങ്ങളിൽ ഗുരുതരമാകുമെന്ന് ഇവർ വ്യക്തമാക്കി.
ചൈനയുടെ വളർച്ച നെഗറ്റീവ് ആയി മാറുമെന്നും ഇതിന്റെ പരിണിതഫലമായി ആഗോളതലത്തിലെ വളർച്ചയും നെഗറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി. മാന്ദ്യം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളും ദുരിതത്തിലാകും.
യുക്രെയ്ൻ റഷ്യ യുദ്ധം പത്തു മാസമായിട്ടും അവസാനിക്കാതെ നീണ്ടുപോകുന്ന സാഹചര്യവും കോവിഡ് വൈറസ് വ്യാപനവും കണക്കിലെടുത്താണ് ക്രിസ്റ്റലീനയുടെ പരാമർശം. അതേസമയം, 2023 ലെ വളർച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. ആറ് ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2021 3.2 ശതമാനമായും 2022ൽ 2.7 ശതമാനമായും കുറഞ്ഞിരുന്നു.

