ദേശീയ യുവജനോത്സവം: 18 ഇനങ്ങളെ വെട്ടിക്കുറച്ച് രണ്ടാക്കിയതില്‍ പ്രതിഷേധമറിയിച്ച് കേരളം

തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തില്‍ നിന്ന് 18 ഇനങ്ങളെ വെട്ടിക്കുറച്ച് രണ്ടിനങ്ങളാക്കി ചുരുക്കിയ കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധമറിയിച്ച് കേരളം. ദേശീയ യുവജനോത്സവത്തില്‍ നിന്നും ഒഴിവാക്കിയ മത്സര ഇനങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്ത് അയച്ചു. വളരെ സജീവമായി കേരളോത്സവങ്ങള്‍ സംഘടിപ്പിക്കുകയും വിജയികളെ ദേശീയതലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് 18 ഓളം മത്സര ഇനങ്ങള്‍ വെട്ടിക്കുറച്ചത് മത്സരാര്‍ത്ഥികളെ നിരാശരാക്കുമെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന തലത്തില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച മത്സരാര്‍ത്ഥികള്‍ ദേശീയ തലത്തില്‍ മത്സരിക്കാനായി ഒരുങ്ങവേയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ യുവജനോത്സവത്തില്‍ നിന്നും ഇത്രയും മത്സര ഇനങ്ങള്‍ വെട്ടിക്കുറച്ചത്.

അതേസമയം, ഭരതനാട്യം, കുച്ചുപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കര്‍ണാടിക് മ്യൂസിക്, വീണ, ഫ്ളൂട്ട്, ഗിത്താര്‍, സിത്താര്‍, തബല, മൃദംഗം, ഹാര്‍മോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം എന്നിങ്ങനെ 18 ഇനങ്ങളിലാണ് മുന്‍കാലങ്ങളില്‍ ദേശീയ യുവജനോത്സവം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഫോക്ക് സോംഗ് ഗ്രൂപ്പ്, ഫോക്ക് ഡാന്‍സ് ഗ്രൂപ്പ് എന്നീ രണ്ട് മത്സര ഇനങ്ങള്‍ മാത്രമേ ഇത്തവണ ഉണ്ടാകൂ എന്നാണ് കേന്ദ്രം അറിയിച്ചത്.