അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുന്നു; ഇതിനെതിരെ നിയമനിർമാണം ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

വർക്കല: ശിവഗിരിയിൽ തീർത്ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിന്റെ സന്ദേശം വ്യക്തിജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കാൻ ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരുന്നു. നരബലി അതിന് ഉദാഹരണമാണ്. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുന്നു. ഇതിനെതിരെ നിയമനിർമാണം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. മന്ത്രി വി എൻ വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലുഗ്രൂപ്പ് എം ഡി എം എ യൂസഫലി എന്നിവരാണ് മുഖ്യാതിഥികൾ. അടൂർ പ്രകാശ് എം പി, കെ സി വേണുഗോപാൽ എം പി, രമേശ് ചെന്നിത്തല എംഎൽഎ, വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, മാതൃഭൂമി ചെയർമാൻ പി വി ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ദുബായ് മുരളിയ ഫൗണ്ടേഷൻ ചെയർമാൻ കെ മുരളീധരൻ എന്നീ വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ഋതംഭരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. തീർത്ഥാടനകമ്മിറ്റി വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം, ഇൻഡ് റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ, തീർത്ഥാടന കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ ആശംസ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് ചടങ്ങിൽ സ്വാഗതം പറഞ്ഞത്. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദി പറഞ്ഞു. 1924ൽ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി ഹൈസ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു. രാഷ്ട്രപതിയുടെ പ്രവാസി സമ്മാൻ പുരസ്‌കാരം നേടിയ കെ.ജി.ബാബുരാജിനെ സമ്മേളനത്തിൽ ആദരിച്ചു. തീർത്ഥാടന നവതി സുവനീർ പ്രകാശനം ചെയ്യും.