കണ്ണൂർ: കേരളത്തിലേക്ക് കടന്നു കയറി കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കർണാടകയുടെ നടപടിയിൽ സംസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ച് സംഘമാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. റൂറൽ പോലീസ് മേധാവി ആർ മഹേഷിനോട് കണ്ണൂർ കലക്ടർ എസ് ചന്ദ്രശേഖർ വിശദാംശങ്ങൾ തേടി. വനാതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം കേരളത്തിലെ ജനവാസമേഖലയിലേക്ക് കടന്നതിലാണ് അന്വേഷണം നടത്തുക.
കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കർണാടക ബഫർ സോൺ അടയാളപ്പെടുത്തിയത്. കർണാടകയിലുളള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായാണ് കണ്ണൂർ കളിതട്ടുംപാറയിലെ രണ്ടര കിലോമീറ്റർ വരുന്ന ജനവാസ മേഖലയും ഒന്നര കിലോമീറ്റർ കേരളത്തിലെ വനഭൂമിയും കടന്ന് രണ്ടാംകടവ്-കളിതട്ടുംപാറ റോഡിൽ അടയാളപ്പെടുത്തൽ നടത്തിയിട്ടുള്ളത്.. മാക്കൂട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പാലത്തിൻകടവുമുതൽ കളിതട്ടുംപാറ വരെ ഒൻപത് കിലോമീറ്റർ സ്ഥലത്ത് ആറിടങ്ങളിൽ കർണാടക ചുവന്ന ചായം കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന സ്ഥലമാണിത്. അതേസമയം, സംസ്ഥാന സർക്കാരിനോ വനംവകുപ്പിനോ കർണാടകയുടെ നടപടിയെക്കുറിച്ച് വിവരം നൽകിയിരുന്നില്ല. ചുവന്ന ചായത്തിലുള്ള അടയാളപ്പെടുത്തൽ കണ്ടതോടെ ഈ മേഖലയിലെ കുടുംബങ്ങൾ ആശങ്കയിലായിട്ടുണ്ട്.
കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിരുന്നു.

