പിഎഫ്‌ഐ മുൻഭാരവാഹികളുടെ വീട്ടിൽ റെയ്ഡ്; ഒരാളെ കസ്റ്റഡിയിലെടുത്ത് എൻഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി എഫ് ഐ) മുൻ ഭാരവാഹികളുടെ വീടുകളിൽ റെയ്ഡ് തുടർന്ന് ദേശീയ അന്വേഷണ ഏജൻസി. റെയ്ഡിനിടെ ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. കൊച്ചി എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും ആയുധങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തുവെന്നാണ് പുറത്തു വരുന്ന വിവരം.

നിലവിൽ മുബാറക്കിനെ കൊച്ചി എൻഐഎ ഓഫീസിലെത്തിച്ചിരിക്കുകയാണ്. ഇയാളിൽ നിന്നും പല വിവരങ്ങളും ലഭിക്കുമെന്നാണ് എൻഎഐയുടെ വിലയിരുത്തൽ. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനാണ് എൻഐഎയുടെ തീരുമാനം. അതേസമയം, എൻഐഎയുടെ റെയ്ഡ് സംബന്ധിച്ച വിവരം ചോർന്നതായി സംശയിക്കപ്പെടുന്നുണ്ട്.

പത്തനംതിട്ടയിലാണ് വിവരം ചോർന്നത്. എൻ ഐ എ സംഘം എത്തുന്നതിന് മുൻപ് തന്നെ നേതാക്കൾ മുങ്ങിയതാണ് സംശയത്തിന് കാരണം. പത്തനംതിട്ടയിൽ റെയ്ഡ് നടന്ന മൂന്നിടങ്ങളിലും നേതാക്കൾ ഉണ്ടായിരുന്നില്ല. പി എഫ് ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിന് മുൻപ് സ്ഥലം വിട്ടതാണ് വിവരചോർച്ച സംശയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ നിസാർ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ വീട്ടിൽ നിന്ന് പോയെന്നാണ് വീട്ടുകാർ എൻ ഐ എ ഉദ്യോഗസ്ഥരെ അറിയിച്ചത്.