തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും എ പി അബ്ദുള്ളക്കുട്ടിയ്ക്കും ക്ളീന്‍ ചിറ്റ് നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തില്‍ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സി ബി ഐ കുറ്റവിമുക്തരാക്കി.
ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ പി അനില്‍ കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയായിരുന്നു സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്ക് സി ബി ഐ നേരത്തെ ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ടുപേര്‍ക്ക് ക്ളീന്‍ ചിറ്റ് നല്കി സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അതേസമയം, ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദ്ധാനം ചെയ്ത് സാമ്ബത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആരോപണത്തില്‍ തെളിവുകളില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

