ഇപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം മാറേണ്ട ഒരു സാഹചര്യവുമില്ല. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി പി എം നേതാവ് പി ജയരാജനാണ് രംഗത്തെത്തിയത്. സി പി എം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ഇക്കാര്യം ആരോപിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതെന്നാണ് പി ജയരാജൻ പറയുന്നത്. ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. റിസോർട്ടിന്റെ ഡയറക്ടർമാർ ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ്. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു.