ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളുമായി വിർച്വൽ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെയാണ് ചർച്ച. കോവിഡ് വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ അംഗങ്ങളായ നൂറോളം ഡോക്ടർമാർ ആരോഗ്യമന്ത്രിയുമായുള്ള വിർച്വൽ യോഗത്തിൽ പങ്കെടുത്തിരുന്നു. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവെക്കുന്നതെന്ന് യോഗത്തിൽ മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. രോഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഡോക്ടർമാർ പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകണം. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. സ്ഥിരീകരിക്കപ്പെട്ട അത്തരം വിവരങ്ങൾ പങ്കുവെക്കയ്ക്കുകയും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ജനങ്ങളിലേക്ക് ശരിയായ വിവരങ്ങൾ മാത്രം എത്തിക്കുക എന്നത് ഈ രംഗത്തെ വിദഗ്ഗ്ധരുടെ ഉത്തരവാദിത്തമാണ്. ചൊവ്വാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് അനുബന്ധ മോക്ക് ഡ്രിൽ നടക്കും. മഹാമാരിയെ മുൻപ് കൈകാര്യം ചെയ്ത പരിചയത്തെ അടിസ്ഥാനമാക്കി വിവിധ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ഡോക്ചർമാരുടെ ആത്മാർപ്പണത്തെയും സംഭാവനയെയും അദ്ദേഹം ആദരിക്കുകയും ചെയ്തു. കോവിഡ് വൈറസ് വ്യാപനത്തിനോട് രാജ്യം പൊരുതിക്കൊണ്ടിരുന്നപ്പോൾ അംബാസിഡർമാരായിരുന്നവരാണ് ഡോക്ടർമാർ. ഈ പോരാട്ടത്തിലും ഡോക്ടർമാർ അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു.

