സ്‌കൂൾ യുവജനോത്സവ വേദികളിൽ സ്റ്റേജ് സുരക്ഷിതമാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സ്‌കൂൾ യുവജനോത്സവ വേദികളിൽ സ്റ്റേജ് സുരക്ഷിതമാക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. മത്സരാർത്ഥികൾക്ക് തടസ്സമില്ലാത്ത വിധം സ്റ്റേജ് സുരക്ഷിതമാക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

പരിപാടി അവതരിപ്പിക്കുന്നതിനിടെ സ്റ്റേജിൽ ഉതിർന്നു വീഴുന്ന പിൻ, ആഭരണങ്ങൾ, തുണിക്കഷണങ്ങൾ തുടങ്ങിയവ പിന്നാലെ എത്തുന്ന മത്സരാർഥികൾക്കു തടസ്സം ആകരുതെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. കലോത്സവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്നും ഇക്കാരണം കൊണ്ട് ഫലം പ്രഖ്യാപിച്ചപ്പോൾ പിന്നിലായെന്നും ചൂണ്ടിക്കാട്ടി മത്സരാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ഇതിൽ വീഴ്ച സംഭവിച്ചാൽ സംഘാടകർക്കെതിരെ ബാലനീതി നിയമം ഉൾപ്പെടെ ബാധകമാക്കി നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. രണ്ടു ഹർജികളിലാണ് ജസ്റ്റിസ് വി ജി അരുൺ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇത്തരം പരാതികൾ ഉന്നയിച്ച് ഒട്ടേറെ പരാതികൾ എത്തുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.