കൊച്ചി: ക്രിസ്മസിന്റെ തലേദിവസം എറണാകുളം- അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സമരമാർഗമായി കുർബാനയെ ഉപയോഗിച്ച രീതി, സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൂടി ചേർന്നാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
സംഭവങ്ങളിൽ സിറോ മലബാർ സഭ ഒന്നാകെ അതീവദുഃഖത്തിലാണ്. സിനഡിന്റെ തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാനക്കെതിരെ ഏതാനും വൈദികരും അൽമായരും ചേർന്ന് നടത്തിയ പ്രതിഷേധം നീതികരിക്കാനാവാത്തതാണ്. പ്രതിഷേധങ്ങളിൽ നിന്ന് നേതൃത്വം കൊടുക്കുന്ന വൈദികരും അൽമായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
സെന്റ് മേരീസ് ബസിലിക്കയിൽ വെള്ളിയാഴ്ച മുതൽ വിമതവൈദികരുടെ നേതൃത്വത്തിൽ അഖണ്ഡ കുർബാന നടത്തിയിരുന്നു. ഇത് 16 മണിക്കൂർ പിന്നിട്ടതോടെ സിനഡ് പക്ഷ വിശ്വാസികൾ അൽത്താരയിലേക്ക് തള്ളിക്കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒൻപതേ മുക്കാലോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ ബസിലിക്കയിൽ കയ്യാങ്കളിയും സംഘർഷവും നടന്നു.

