ശബരിമല തീര്‍ത്ഥാടനത്തിന് ഇതുവരെ എത്തിയത് 29,08,500 പേര്‍; വരുമാനം 222 കോടി 98 ലക്ഷം രൂപ

ശബരിമല തീര്‍ത്ഥാടനത്തിന് ഇത്തവണ ഇതുവരെ 29,08,500 പേര്‍ എത്തിയെന്നും 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ വ്യക്തമാക്കി. മണ്ഡലകാലം തുടങ്ങി 39 ദിവസം പിന്നിടുമ്പോള്‍ 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും ലഭിച്ചു. തീര്‍ഥാടകരില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവര്‍ഷത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇത്തവണ വര്‍ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ശബരിമലയില്‍ കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്. പരമാവധി പരാതികുറച്ച് തീര്‍ഥാടനം ഇക്കുറി പൂര്‍ത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത്. ശബരിമലയില്‍ തിരക്ക് സ്വഭാവികമാണ്. എന്നാല്‍, സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണ്’- ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, 41 ദിവസത്തെ മണ്ഡലകാലം അവസാനിക്കുമ്പോള്‍ ശബരിമലയില്‍ നാളെ മണ്ഡലപൂജ നടക്കും. പുലര്‍ച്ചെ മൂന്നിന് നട തുറക്കുകയും അഭിഷേകവും പതിവുപൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. പൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്.