ക്രിസ്മസ് ആഘോഷ വേളയിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന; 229.80 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷ വേളയിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത്. 215.49 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽവിൽപ്പന നടത്തിയത്. റം ആണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. 89.52 കോടിയുടെ മദ്യം ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റഴിച്ചു.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ 90.03 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇത്തവണ ഏറ്റവും അധികം വിൽപ്പന നടന്നത് കൊല്ലം ആശ്രാമത്തെ ബീവറേജസ് ഔട്ട്‌ലെറ്റിലാണ്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. 65.07 ലക്ഷം രൂപയുടെ വിൽപ്പന ഇവിടെ നടന്നു. ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്തുള്ളത്. 61.49 ലക്ഷമാണ് ഇവിടുത്തെ വിൽപ്പന.

സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന് 267 ഔട്ട്‌ലെറ്റുകളാണുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.