ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക വൈദഗ്ധ്യം ജി20 സമ്മേളനങ്ങളിലെല്ലാം പരമാവധി ഉപയോഗിക്കും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക വൈദഗ്ധ്യം ജി20 സമ്മേളനങ്ങളിലെല്ലാം പരമാവധി ഉപയോഗിക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാരമ്പര്യേതര ഊർജ്ജ മേഖലയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒത്തുകൂടലുകളാണ് ആരംഭിച്ചിരിക്കുന്നത്.

പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃകകളായിരിക്കും എല്ലാ സമ്മേളനങ്ങളുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ വിവിധ മേഖലകളിലെ മുന്നേറ്റം ലോകത്തിന് മാതൃകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഡിസംബർ ഒന്നു മുതലാണ് ഇന്ത്യ ജി20 അദ്ധ്യക്ഷ പദം ഏറ്റെടുത്തത്. ജി-20 അധ്യക്ഷപദവി ഇന്ത്യയ്ക്ക് ലഭിച്ചത് ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. അതിൽ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. ജി20 എന്നത് ഒരു രാഷ്ട്രീയഗ്രൂപ്പിന്റെ വിജയമോ തർക്കവിഷയമോ അല്ല. ജി-20 ഉച്ചകോടിയുടെ വിജയം നമുക്കെല്ലാവർക്കും അഭിമാനകരമാകുമെന്ന കാഴ്ചപ്പാട് രാജ്യത്തുടനീളമുണ്ടെന്നും അദ്ദേഹം അറിയിച്ചു.