തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകരിൽ നിന്ന് നടപ്പ് സീസണിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകാൻ 278.93 കോടി രൂപ അനുവദിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ പണം കർഷകരുടെ അക്കൗണ്ടുകളിൽ തുക ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
നടപ്പ് സീസണിൽ 66656 കർഷകരിൽ നിന്ന് 1.92 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 495.52 കോടി രൂപ കർഷകർക്ക് നൽകേണ്ടതുണ്ട്. ഇതിൽ 23591 കർഷകർക്ക് 184.72 കോടി രൂപ നേരത്തെ നൽകിയിരുന്നു. ബാക്കിയുള്ള 42965 കർഷകർക്ക് 310.80 കോടി രൂപ കൊടുത്തു തീർക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിൽ 278.93 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് 400 കോടി രൂപയോളം നൽകാനുണ്ടായിരുന്നുവെന്നും ജി ആർ അനിൽ വിശദമാക്കി.

