കൊല്ലം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള പഠനം നടത്തുന്നതിനായി സമിതി രൂപവത്കരിച്ച് പൊതു വിദ്യാഭ്യാസവകുപ്പ്. ഏകജാലക പ്രവേശനരീതികളില്‍ മാറ്റമാവശ്യമുണ്ടോയെന്നും സമിതി പരിശോധിക്കും. ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ ചെയര്‍മാനായാണ് അഞ്ചംഗസമിതി. പുതിയ ബാച്ചുകള്‍ അനുവദിക്കണമോയെന്നും പുതുതായി ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമോയെന്നും ശുപാര്‍ശ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.
അതേസമയം, ഒന്നാംവര്‍ഷ പ്രവേശനനടപടികള്‍ അവസാനിച്ചപ്പോള്‍ 71 സര്‍ക്കാര്‍ സ്‌കൂളുകളിലെ 92 ബാച്ചുകളിലും 16 എയ്ഡഡ് സ്‌കൂളുകളിലെ ഏതാനും ബാച്ചുകളിലും മതിയായ എണ്ണം കുട്ടികളില്ലെന്നു ഇത്തവണ കണ്ടെത്തിയിരുന്നു. 25-ല്‍ താഴെ വിദ്യാര്‍ഥികളുള്ള ബാച്ചുകളാണിവ. എന്നാല്‍, സീറ്റുകളില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവേശനത്തിന് പ്രയാസപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് മറ്റു പലയിടത്തും ഉണ്ട്.
എസ്.എസ്.എല്‍.സി. ജയിക്കുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായല്ല പല സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സീറ്റുകളുള്ളത്. അടുത്തവര്‍ഷത്തെ ഒന്നാംവര്‍ഷ പ്രവേശനം തുടങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്താനാണ് തീരുമാനം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാവിജയം, സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍നിന്ന് പ്ലസ്വണ്‍ പ്രവേശനം തേടുന്നവരുടെ എണ്ണം, പ്രവേശനത്തിന്റെ സ്ഥിതിവിവരം എന്നിവ സമിതി വിലയിരുത്തണം. വിദ്യാര്‍ഥികള്‍ കുറവുള്ള ബാച്ചുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണം. നിലവിലെ കോഴ്‌സ് കോമ്പിനേഷനുകളില്‍ പ്രാദേശികമായ മാറ്റങ്ങള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. തസ്തികനിര്‍ണയം ഇതുവരെ നടത്തിയിട്ടില്ലാത്ത ബാച്ചുകളുള്ള സ്‌കൂളുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണം. താല്‍കാലിക ബാച്ചുകള്‍ അനുവദിച്ച സ്‌കൂളുകളിലും ബാച്ചുകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് ലഭിച്ച സ്‌കൂളുകളിലുമുള്ള അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി പഠിക്കണം. കുട്ടികള്‍ കുറവുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ബാച്ചുകള്‍ പുനഃക്രമീകരിക്കണോ, പുതിയ ബാച്ചുകള്‍ അനുവദിക്കണോ, സ്‌കൂളുകള്‍ നിര്‍ത്തലാക്കണോ എന്നെല്ലാംപരിശോധിക്കും. എയ്ഡഡ് സ്‌കൂളുകളിലെ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകള്‍ തുടരേണ്ടതുണ്ടോയെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

