മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിലും ജാമ്യം; ഉടൻ ജയിൽ മോചിതനായേക്കും

അലഹബാദ്: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

സിദ്ദിഖ് കാപ്പന് ദേശീയ അന്വേഷണ ഏജൻസിയുടെ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ജയിൽ മോചനം സാദ്ധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കാപ്പന്റെ ഭാര്യ വ്യക്തമാക്കി. ഒരു കാരണവും ഇല്ലാതെയാണ് തന്റെ ഭർത്താവ് ഇത്രയും കാലം ജയിലിൽ കഴിഞ്ഞതെന്നും ഭാര്യ റെയ്ഹാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലാവുന്നത്. ദളിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹഥ്റാസിലേക്ക് പോകുന്ന വഴിയാണ് സിദ്ദിഖ് കാപ്പനെയും കാമ്പസ് ഫ്രണ്ട് നേതാക്കളെയും യുഎപിഎ ചുമത്തി ജയിലിലടക്കുന്നത്.