ലക്‌നൗ: ഉത്തർപ്രദേശിൽ വിദേശ നിക്ഷേപം ഉയരുന്നു. പതിനാറ് രാജ്യങ്ങളിൽ നിന്നായി യുപിയിലേക്ക് 7.12 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരും നാളുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. 2023 ഫെബ്രുവരി 10 മുതൽ 12 വരെ ലക്‌നൗവിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുൻപായി യോഗി സർക്കാർ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും വ്യവസായികളെ ആകർഷിക്കുന്നതിനായി അടുത്തിടെ യോഗി തന്റെ മന്ത്രിമാരെ 16 രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. ഇതാദ്യമായാണ് സ്വാതന്ത്ര്യത്തിന് ശേഷം ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സംഘം നിക്ഷേപം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ പര്യടനം നടത്തിയതെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒഫ് അമേരിക്ക തുടങ്ങിയിവിടങ്ങളിൽ നിന്ന് മാത്രം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗി സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനായാണ് പ്രധാനമായും ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

