തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് വീട്ടുപടിക്കൽ എത്തി നിൽക്കുന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം സിപിഎം ആരംഭിച്ചുവെന്നും ഇനിയും മുന്നൊരുക്കം നടത്താൻ കോൺഗ്രസ് വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനസംഘടന വൈകരുത്. എല്ലാ കാര്യങ്ങളും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. പുനസംഘടന വേഗത്തിൽ ഉണ്ടാകുമെന്ന് ചിന്തൻ ശിബിരത്തിൽ തീരുമാനമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെപിസിസി പുനസംഘടന ഉടൻ ഉണ്ടാകില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചന ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഭാരത് ജോഡോ യാത്രക്ക് ശേഷം കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകും. നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും താരിഖ് അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

