പരീക്ഷാ ഹാളില്‍ യൂണിഫോം മതി; ഹിജാബ് നിരോധിച്ച് സൗദി ഭരണകൂടം

റിയാദ്: പരീക്ഷാ ഹാളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സൗദി ഭരണകൂടം. പരീക്ഷക്കെത്തുന്ന പെണ്‍കുട്ടികള്‍ ഹിജാബിന് പകരം സ്‌കൂള്‍ യൂണിഫോം തന്നെ ധരിക്കണമെന്നാണ് സൗദി എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം.

ഹിജാബ് നേരത്തെ നിയമപരമായി നിര്‍ബന്ധമായിരുന്നെങ്കിലും, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി 2018ല്‍ ഇത് നിര്‍ബന്ധമല്ലാതാക്കി. പൊതുസ്ഥലങ്ങളില്‍ വനിതകള്‍ ധരിക്കുന്ന വസ്ത്രം മാന്യമാണെങ്കില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും വാഹനമോടിക്കാനുമുള്‍പ്പെടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സല്‍മാന്‍ ഒട്ടേറെ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത്.

അതേസമയം, സൗദിയിലെ ബീച്ചുകളില്‍ ഉള്‍പ്പെടെ വനിതാ ടൂറിസ്റ്റുകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്ന് സൗദി ടൂറിസം കമ്മീഷന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.