ഓപ്പറേഷൻ സുഭിക്ഷ; റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, പല കടകളിലും സ്റ്റോക്ക് വ്യത്യാസം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ റേഷൻ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. കായംകുളത്തുള്ള എ.ആർ.ഡി 193, തകഴിയിലുള്ള എ.ആർ.ഡി 257, ചന്തിരൂർ എ.ആർ.ഡി 43 എന്നീ റേഷൻ കടകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ഇവിടെ സ്‌റ്റോക്കിൽ വ്യത്യാസം കണ്ടെത്തി. ചിലയിടങ്ങളിൽ ഭക്ഷ്യധാന്യം സ്റ്റോക്കിനേക്കാൾ കുറവും ചിലയിടത്ത് കൂടുതലുമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുള്ളത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ വിതരണത്തിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തലുണ്ട്. പദ്ധതിയെ കുറിച്ച് അറിവില്ലാത്ത പട്ടിക വിഭാഗത്തിൽപ്പെട്ട കാർഡുടമകളിൽ പലർക്കും അരി നൽകിയിരുന്നില്ല. റേഷൻ ഭക്ഷ്യധാന്യങ്ങൾ മറിച്ചു വിൽക്കുന്നുണ്ടെന്നും കാർഡുടമകൾക്ക് അർഹതപ്പെട്ട അളവിൽ ലഭിക്കുന്നില്ലെന്നും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

വിജിലൻസ് ഡി.വൈ.എസ്.പി ഗിരീഷ്.പി.സാരഥി, ഇൻസ്പെക്ടർമാരായ സുനിൽ, രാജേഷ്, പ്രശാന്ത്, എ.എസ്.ഐമാരായ ബൈജു, ജയലാൽ, സി.പി.ഒമാരായ ലിജു, ഗീതു, രജനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴയിൽ പരിശോധന നടന്നത്.