കൊച്ചി: നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളി പെൺകുട്ടിയുടെ വിയോഗം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അഭിഭാഷകർ. കേരള ടീം അംഗം പത്തുവയസുകാരി നിദ ഫാത്തിമ മരിച്ച സംഭവമാണ് അഭിഭാഷകർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അസോസിയേഷന് അംഗീകാരം ഇല്ലാത്തതിനെ തുടർന്ന് കോടതിയുടെ ഉത്തരവ് വാങ്ങി എത്തിയ ടീമിന് ദേശീയ ഫെഡറേഷൻ അംഗീകാരം ഇല്ലാത്തതിന്റെ പേരിൽ താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന വിവരം അഭിഭാഷകർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതി സംഭവത്തിൽ ഇടപെട്ടു. സംഭവത്തിൽ കോടതിയലക്ഷ്യ ഹർജി നൽകാനാണ് ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകിയത്. ജസ്റ്റിസ് വി ജി അരുൺ അഭിഭാഷകരുടെ ഹർജി പരിഗണിക്കും.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ വേണ്ടി നാഗ്പൂരിലെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ കടുത്ത അനീതി നേരിട്ടിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്.
ആലപ്പുഴ സ്വദേശിനിയായ നിദ ഫാത്തിമയെ കടുത്ത ഛർദ്ദിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് നിദയ്ക്ക് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്നുമാണ് വിവരം. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്

