ബെയ്ജിങ്: ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ചൈനയില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞിരിക്കുകയാണെന്നും ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളില്‍ രോഗ ബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തു.
ബെയ്ജിങ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഡോങ്ജിയാവോ ശ്മശാനത്തിലേക്ക് പുലര്‍ച്ചെയും അര്‍ധരാത്രിയിലും അടക്കം നിരവധി സംസ്‌കാരങ്ങളാണ് നടക്കുന്നത്. സാധാരണ 30 മുതല്‍ 40 വരെ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് 200 മൃതദേഹങ്ങള്‍ വരെയാണ് ഇപ്പോള്‍ എത്തുന്നതെന്നാണ് വിവരം. ശമ്ശാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലും വൈറസ് അതിവേഗം പടരുകയാണ്. നവംബര്‍ 19നും 23നും ഇടയില്‍ നാല് മരണങ്ങള്‍ ഉണ്ടായെന്ന് അറിയിച്ച് ശേഷം ബെയ്ജിങ്ങില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണ്. ‘കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതു മുതല്‍ ഞങ്ങള്‍ക്ക് ജോലിഭാരം കൂടുതലാണ്. 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ്’- ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ പറയുന്നു.
‘കോവിഡ് രോഗികളെ സംസ്‌കരിക്കുന്ന ബെയ്ജിങ്ങിലെ ശമ്ശാനം മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്ത് വൈറസ് പടര്‍ന്നുപിടിക്കുന്നു. ഇതു രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ പെട്ടെന്ന് അഴിച്ചു വിട്ടതിനു കൊടുക്കേണ്ടി വരുന്ന വിലയുടെ സൂചനയാണ്’-വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.

