പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: തീരുമാനം സ്‌ക്രൂട്നി കമ്മിറ്റിക്ക് വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമന കാര്യത്തിലെ തീരുമാനം സ്‌ക്രൂട്നി കമ്മിറ്റി എടുക്കുമെന്ന് ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്റിക്കേറ്റ് യോഗത്തില്‍ ധാരണയായി.

പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണം എന്നുമായിരുന്നു നേരത്തെ ഹൈക്കോടതി വിധിച്ചത്. വിധി ചര്‍ച്ച ചെയ്യാനാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേര്‍ന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യതകള്‍ സര്‍വകലാശാലയിലെ സ്‌ക്രൂട്‌നി കമ്മിറ്റി വീണ്ടും പരിശോധിക്കും.

അതേസമയം, പരിശോധനയില്‍ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാല്‍ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളാവും ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സര്‍വ്വകലാശാല നടപടികളൊന്നും എടുക്കാന്‍ തയ്യാറായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സിന്റിക്കറ്റ് യോഗങ്ങള്‍ നേരത്തെ രണ്ട് തവണ മാറ്റി വച്ചിരുന്നു.