ഫുട്ബോള്‍ വിജയാഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; കൊച്ചിയില്‍ പൊലീസുകാര്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍: ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പള്ളിയാന്‍മൂലയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ആറ് പേര്‍ ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലായി.

അതേസമയം, വിജയാഘോഷത്തിനിടെ മദ്യപിച്ചെത്തിയവരെ നിയന്ത്രിക്കുന്നതില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തിരുവനന്തപുരം പൊഴിയൂരില്‍ എസ് ഐക്ക് മര്‍ദ്ദനമേറ്റു. വാഹനങ്ങള്‍ തടഞ്ഞ് ചോദ്യം ചെയ്തതിന് കൊച്ചിയിലെ കലൂരില്‍ നടുറോഡില്‍ വെച്ചും പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. സ്റ്റേഡിയം പരിസരത്ത് നിന്നിറങ്ങിയവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.