ഡൽഹി എയിംസിന് നേരെ നടന്ന സൈബർ ആക്രമണം; ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി പോലീസ്

ന്യൂഡൽഹി: ഡൽഹി എയിംസിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി പോലീസ്. സൈബർ ആക്രമണം നടത്താനുപയോഗിച്ച, ചൈനയിലെ ഹെനാനിൽ നിന്നും ഹോങ് കോങ്ങിൽനിന്നുമുള്ള ഇ മെയിൽ വിലാസങ്ങളുടെ ഐ.പി. അഡ്രസുകൾ ലഭ്യമാക്കാൻ ഇന്റർപോളിനോട് അഭ്യർത്ഥിക്കണമെന്ന് ഡൽഹി പോലീസ് സിബിഐയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി ഡൽഹി പോലീസിന് സിബിഐ കത്തെഴുതുകയും ചെയ്തു.

ഇന്റർപോളുമായി ബന്ധപ്പെടാനുള്ള നോഡൽ ഏജൻസിയാണ് സിബിഐ. അതിനാലാണ് ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് വിഭാഗം സിബിഐയ്ക്ക് കത്തയച്ചത്. നവംബർ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഡൽഹി എയിംസിലെ സെർവറുകളിൽ ഹാക്കിംഗ് നടന്നത്. ആകെയുള്ള നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിലാണ് ചൈനീസ് ഹാക്കർമാർക്ക് നുഴഞ്ഞ് കയറിയത്. ഈ അഞ്ച് സെർവറുകളിലെയും വിവരങ്ങൾ തിരിച്ചെടുത്ത് പുനസ്ഥാപിച്ചുവെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

എയിംസ് സെർവർ ഹാക്കിംഗ് നടന്നത് ചൈനയിൽ നിന്നാണെന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങൾ ഡൽഹി എയിംസിന്റെ സർവറിലുണ്ട്. വാക്സിൻ പരീക്ഷണത്തിന്റെ നിർണ്ണായക വിവരങ്ങളും ഇവിടെയുണ്ട്.