കേരള സർക്കാർ തുറന്ന മനസ്സോടെയാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നത്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരള സർക്കാർ തുറന്ന മനസ്സോടെയാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തയ്യാറെടുപ്പുകൾ നടത്തിവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മികച്ച ഭാവി തലമുറയെ രൂപപ്പെടുത്തുവാനുള്ള പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ഒരേ മനസ്സോടെ കേരളം മുന്നിട്ടിറങ്ങേണ്ട കാലമാണ്. കുട്ടികളുടെ ഭാവിക്ക് ഏറ്റവും ഉചിതമായത് നിശ്ചയിക്കുക എന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഏറ്റവും ശാസ്ത്രീയമായ പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് ( എൻ.സി.എഫ്.) 2005 ന്റെ ചുവടുപിടിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപപ്പെടുത്തിയതിനു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനാണ് കേരളം ഒരുങ്ങുന്നത്. പന്ത്രണ്ടാം ക്ലാസുവരെ സ്‌കൂൾ പ്രായത്തിലുള്ള കേരളത്തിലെ 64.23 ലക്ഷം കുട്ടികളിൽ 46.29 ലക്ഷം കുട്ടികൾ (72.06 %) പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് സമഗ്രമായ പരിഷ്‌കരണം നടപ്പിലാക്കുന്നത്. അൺ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിൽ നിശ്ചിത ശതമാനമെങ്കിലും കേരള സിലബസാണ് പിന്തുടരുന്നത്. ചുരുക്കത്തിൽ കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേരള സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാർ 2020 ൽ പ്രസിദ്ധീകരിച്ച ദേശീയവിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി സംസ്ഥാനം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്. ജനകീയ സംവാദങ്ങളിലൂടെ 2007 ൽ തയാറാക്കിയ പാഠ്യപദ്ധതിയാണ് ഇപ്പോഴും പിന്തുടരുന്നത്. 2013 ൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു. കഴിഞ്ഞ 10 വർഷക്കാലമായി വൈജ്ഞാനിക മേഖലയിലും സാങ്കേതിക രംഗത്തും ബോധനശാസ്ത്ര രംഗത്തും ഉണ്ടായ മാറ്റങ്ങളെ നമ്മുടെ പാഠ്യപദ്ധതി ഉൾക്കൊള്ളുന്നില്ല എന്നതാണ് പാഠ്യപദ്ധതി പരിഷ്‌കരണം അനിവാര്യമാക്കുന്നത്. തൊഴിൽ മേഖലകളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിന് അറിവ്, കഴിവ്, നൈപുണി എന്നിവ ആവശ്യമാണ്. തൊഴിൽ വിദ്യാഭ്യാസത്തെ സ്‌കൂൾ പാഠ്യപദ്ധതിയുമായി ശാസ്ത്രീയമായി ഉൾച്ചേർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ക്ലാസ് മുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായെങ്കിലും ആധുനിക സാങ്കേതികവിദ്യ അനിവാര്യമായ തരത്തിലല്ല പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുള്ളത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന കാര്യവും സ്‌കൂൾ ഘട്ടത്തിൽ കുട്ടികൾ അറിയേണ്ടതുണ്ട്. സാമൂഹ്യമായി സ്വീകരിക്കപ്പെട്ടിട്ടുള്ള വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് അനുസൃതമായും സ്‌കൂൾ പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നുള്ളവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനകീയമായ പാഠ്യപദ്ധതി രൂപീകരണത്തെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ എല്ലാ തുറകളിൽനിന്നുള്ളവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ജനകീയമായ പാഠ്യപദ്ധതി രൂപവത്കരണത്തെ സഹായിക്കും. ജനകീയചർച്ചയ്ക്കാവശ്യമായ കുറിപ്പുകൾ തയ്യാറാക്കുന്നതിന് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ചുമതലയുള്ള സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനസമിതിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്.

വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി തയ്യാറാക്കിയ ജനകീയചർച്ചയ്ക്കാവശ്യമായ കരടുരേഖ പാഠ്യപദ്ധതി കോർകമ്മിറ്റിമുമ്പാകെ മെച്ചപ്പെടുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും സമർപ്പിച്ചു. വ്യത്യസ്തസംഘടനകൾ ഉൾപ്പെടുന്ന കോർകമ്മിറ്റി അംഗീകരിച്ച ചർച്ചാക്കുറിപ്പുകളാണ് ജനകീയചർച്ചയ്ക്കായി പൊതുസമൂഹത്തിൽ നൽകിയത്.

പാഠ്യപദ്ധതിപരിഷ്‌കരണത്തിന് നേതൃത്വം നൽകാൻ 26 മേഖലകളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഈ ഗ്രൂപ്പുകളിൽ അതത് വിഷയത്തിന്റെ വിദഗ്ധർ, സർവകലാശാലകളിലെ പ്രൊഫസർമാർ, വിദ്യാഭ്യാസവിദഗ്ധർ, കോളേജ്-സ്‌കൂൾ അധ്യാപകർ, സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസതത്പരർ എന്നിവരെ ഉൾപ്പെടുത്തി.

വിദ്യാഭ്യാസത്തിന്റെ ദർശനം, ശൈശവകാല പരിചരണവും വികാസവും, പാഠ്യപദ്ധതിയും ബോധനശാസ്ത്രവും, ഇന്ത്യയെക്കുറിച്ചുള്ള അറിവ്, മൂല്യവിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, അധ്യാപകവിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, രക്ഷാകർത്തൃവിദ്യാഭ്യാസം, വിവിധ വിഷയങ്ങളടങ്ങിയ ചർച്ചാക്കുറിപ്പുകൾക്ക് ഈ ഗ്രൂപ്പുകളാണ് അന്തിമരൂപം നൽകിയത്. തുടർന്ന് സ്‌കൂൾതലംമുതൽ ജില്ലാതലംവരെ വിപുലമായ ജനകീയചർച്ചകൾക്കായി മികച്ച തയ്യാറെടുപ്പുകൾ നടത്തി. സ്‌കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിൽ ഇതിനായി സംഘാടകസമിതികൾ രൂപവത്കരിക്കുകയും പ്രചാരണങ്ങൾ നടത്തുകയുംചെയ്തു.

ഇതിനുപുറമേ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യത്യസ്ത സെമിനാറുകൾ, ചർച്ചകൾ, പഠനങ്ങൾ, സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, വിവിധ രാജ്യങ്ങളിലെ പാഠ്യപദ്ധതികളുടെ പരിശോധന എന്നിവയും നടക്കുന്നു.

കുട്ടികളുടെ അഭിപ്രായത്തിന് മുൻഗണന

കുട്ടികളോട് അഭിപ്രായമാരാഞ്ഞുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്‌കരണം പുരോഗമിക്കുന്നത്. ഈ നിർദേശങ്ങൾകൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിനുതന്നെ മാതൃകയാവും. വിദ്യാലയങ്ങളിൽ ക്രോഡീകരിച്ച ഈ അഭിപ്രായങ്ങൾ ബ്ലോക്കിന് കൈമാറും. തുടർന്ന് ബ്ലോക്ക് അടിസ്ഥാനത്തിൽ വീണ്ടും വിവിധമേഖലകളായി ക്രോഡീകരിക്കും. പിന്നീട് എസ്.സി.ഇ.ആർ.ടി.ക്ക് കൈമാറും. ജനകീയചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ടെക് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതുകോണിൽനിന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് ഇതുവഴി സർക്കാർ തുറന്നിട്ടത്.

സ്‌കൂൾ, പ്രീസ്‌കൂൾ, അധ്യാപകവിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലുമേഖലകളിലായി തയ്യാറാക്കുന്ന കരട് പാഠ്യപദ്ധതി, വ്യത്യസ്തതലങ്ങളിൽ ചർച്ചചെയ്തശേഷം ലഭിക്കുന്ന പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ, തുടർന്ന് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തിൽ സിലബസ് ഗ്രിഡ് എന്നിവ രൂപവത്കരിക്കും. ശേഷം പാഠ്യപദ്ധതി സമീപനരേഖ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ അക്കാദമികവിദഗ്ധർ പരിശോധിച്ചാണ് സിലബസിന് അന്തിമരൂപം നൽകുക. സിലബസിനെ അടിസ്ഥാനപ്പെടുത്തി പാഠപുസ്തകങ്ങൾ തയ്യാറാക്കും.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരം

അഭിപ്രായം സ്വരൂപിക്കുന്നതിന് തയ്യാറാക്കിയ ചർച്ചാക്കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ സ്‌കൂൾ സമയമാറ്റം, ?െജൻഡർ എജ്യുക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂൾപാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർനയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. വിവാദങ്ങളെ സർക്കാർ ഭയക്കുന്നില്ല. സംവാദങ്ങൾക്ക് അവസരമൊരുക്കുന്നതിൽ സർക്കാരിന് മടിയില്ല. കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കാൻ വിവാദങ്ങൾക്കൊപ്പം നീങ്ങുന്നവർ തയ്യാറാകണം.

അഭിപ്രായം സ്വരൂപിക്കുന്നതിന് ­തയ്യാറാക്കിയ കൈപ്പുസ്തകത്തിലെ സ്‌കൂൾ സമയമാറ്റം, ?s­ജൻഡർ ­എജ്യുക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്‌കൂൾപാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർനയമായും ­തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.