ബഫർ സോൺ സമരപ്രഖ്യാപനം; കർഷക സംഘടനകളെ മുൻനിർത്തി യുഡിഎഫ് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്ന് വനംമന്ത്രി

കോഴിക്കോട്: ബഫർ സോൺ സമരപ്രഖ്യാപനത്തിൽ യുഡിഎഫിനെതിരെ വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. കർഷക സംഘടനകളെ മുൻനിർത്തി യുഡിഎഫ് രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പരാതികൾ വരുമെന്ന് സർക്കാരിന് നേരത്തേ അറിയാമായിരുന്നു. ഭൂതല സർവേ നേരത്തേ തീരുമാനിച്ചതാണ്. സ്ഥിതി വിവരം കണക്ക് മാത്രമാണ് ഉപഗ്രഹ സർവേ നൽകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഗ്രഹ സർവേയിൽ ചില സ്ഥലങ്ങളിൽ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കർഷക സംഘടനകളുമായി ചേർന്നാണ് യുഡിഎഫ് പ്രക്ഷോഭം നടത്തുക. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കിയിരുന്നു. ചൊവ്വാഴ്ച്ചയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ടിൽ നിർദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്.

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ മാത്രമേ റിപ്പോർട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏഴ് പഞ്ചായത്തുകൾ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങിയ അടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിലില്ല. തുടർന്നാണ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചത്.