കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുത്; കർശന നിർദ്ദേശവുമായി അധികൃതർ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് കർശന നിർദ്ദേശം നൽകി അധികൃതർ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്നാണ് ജയിൽ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സംഘർഷത്തിൽ കാപ്പ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. സംഘർഷത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവേക് ഉൾപ്പെടുന്ന അഞ്ചംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാർ തമ്മിൽ വാക്കേറ്റവും സംഘർഷവും സ്ഥിരം സംഭവമാണെന്നാണ് ജയിൽ പറയുന്നത്.

നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത് കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കാപ്പ തടവുകാരാണ്.