യുണൈറ്റഡ് നേഷൻസ്: ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ (യു.എൻ) ആസ്ഥാനത്ത് മഹാത്മ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നോർത്ത് ലോണിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ ‘വൈഷ്ണവ് ജൻ തോ’ ചൊല്ലിയിരുന്നു. മഹാത്മാ ഗാന്ധിയ്ക്ക് നേതാക്കൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു. അക്രമം, സായുധ സംഘട്ടനങ്ങൾ, മാനുഷിക അടിയന്തരാവസ്ഥകൾ എന്നിവയുമായി ലോകം പൊരുതുമ്പോൾ മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ലോകമെമ്പാടും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ നയിക്കുന്നത് തുടരുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ പ്രതിമ യു.എന്നിൽ അനാച്ഛാദനം ചെയ്യുന്നത് ഈ ആശയങ്ങൾ നന്നായി പിന്തുടരാനും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ലക്ഷ്യമായ സമാധാനപരമായ ലോകം സൃഷ്ടിക്കാനുമുള്ള ഓർമപ്പെടുത്തലാണ്. ചില രാജ്യങ്ങൾ ഭീകരരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാൻ ചില രാജ്യങ്ങൾ ബഹുമുഖ ഫോറങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മഹാത്മാഗാന്ധിയെപ്പോലെ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും യോജിച്ചുപോകുന്ന ചുരുക്കം ചിലർ ചരിത്രത്തിലുണ്ടെന്ന് തന്റെ ഈ വർഷത്തെ ഇന്ത്യാ സന്ദർശനം ഓർമിപ്പിച്ചുവെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

