വിരമിക്കല്‍ പ്രഖ്യാപിച്ച് മെസി

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ മത്സരം തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് മെസി. ഫൈനല്‍ കളിച്ച് ലോകകപ്പില്‍ നിന്ന് വിടപറയാനാവുന്നത് സന്തോഷം എന്നാണ് ക്രൊയേഷ്യയെ തകര്‍ത്തതിന് പിന്നാലെ മെസി പറഞ്ഞത്.

‘ലോകകപ്പ് യാത്രയിലെ എന്റെ അവസാന മത്സരം ഫൈനലിലേത് ആവുന്നു എന്നത് സന്തോഷിപ്പിക്കുന്നതാണ്. അടുത്ത ലോകകപ്പിനായി ഇനിയും ഒരുപാട് വര്‍ഷമുണ്ട്. എനിക്ക് അതിനാവുമെന്ന് ഞാന്‍ കരുതുന്നില്ല. ഇതുപോലെ ഫിനിഷ് ചെയ്യാനാവുക, അതാണ് നല്ലത്. അര്‍ജന്റീന ഒരിക്കല്‍ കൂടി ലോകകപ്പ് ഫൈനലില്‍, ആസ്വദിക്കുക. പ്രയാസമേറിയ ഘട്ടങ്ങളിലൂടെ നമ്മള്‍ കടന്നു പോയി. ഇന്ന് നമ്മള്‍ ഗംഭീരമായതൊന്ന് അനുഭവിച്ചറിയുന്നു. ഞാന്‍ ഇത് ആസ്വദിക്കുകയാണ്. വളരെ സന്തോഷം തോന്നുന്നു. ഓരോ മത്സരത്തേയും നേരിടാന്‍ കരുത്ത് തോന്നുന്നു. നെതര്‍ലന്‍ഡ്സിന് എതിരായ കളിയില്‍ എക്സ്ട്രാ ടൈം എളുപ്പമായിരുന്നില്ല. ഇന്ന് ഞങ്ങള്‍ ക്ഷീണിതരായിരുന്നു. എന്നാല്‍, ജയം പിടിച്ചെടുക്കാന്‍ ഞങ്ങള്‍ക്കായി. എങ്ങനെ കളി വായിച്ചെടുക്കണമെന്നും എപ്പോള്‍ പ്രസ് ചെയ്യണം എന്നെല്ലാം ഞങ്ങള്‍ക്കറിയാം. ഓരോ മത്സരത്തിലും ഓരോ വിശദാംശവും വിലപ്പെട്ടതാണ്’- താരം പറഞ്ഞു.