രാജ്യത്തെ സിഗരറ്റ് മുക്തമാക്കാൻ കടുത്ത നടപടികൾ സ്വീകരിച്ച് ന്യൂസിലാൻഡ്. 2009ന് ശേഷം ജനിച്ചവർക്ക് പുകവലിക്കാനുള്ള സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ലഭ്യത കുറയ്ക്കാനുള്ള നടപടിയാണ് ന്യൂസിലാൻഡ് ആവിഷ്ക്കരിക്കുന്നത്. കാലാന്തരത്തിൽ ന്യൂസിലാൻഡിനെ പുകയില മുക്തമാക്കാനാണ് നീക്കം.
പുകവലിക്കാനുള്ള പ്രായം വർധിപ്പിക്കാനുള്ള പദ്ധതിയാണ് ന്യൂസിലാൻഡ് നടപ്പിലാക്കുന്നത്. പുതിയ നിയമത്തിലൂടെ 50 വർഷം കഴിഞ്ഞ് ഒരു പായ്ക്ക് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യമായി വരുന്ന സാഹചര്യമൊരുക്കുകയാണ് അധികൃതർ ലക്ഷ്യംവെക്കുന്നത്.
2025ഓടെ ന്യൂസിലാൻഡ് പുകയില മുക്തമാവുമെന്നാണ് വിലയിരുത്തൽ. ഉപയോഗിക്കുന്നവരിൽ പകുതിയിലും അധികം ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു ഉൽപ്പന്നത്തിന്റെ വിൽപന പ്രോത്സാഹിപ്പിക്കേണ്ട ഒരു കാരണം പോലുമില്ലെന്നാണ് ന്യൂസിലാൻഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടർ ആയിഷ വെരാൽ വ്യക്തമാക്കിയത്. പുകയില ഉൽപ്പന്നങ്ങൾ വിൽക്കാനും കർശന നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നേരത്തെ 6000 സിഗരറ്റ് വിറ്റിരുന്ന സ്ഥാപനത്തിന് ഇനിമുതൽ 600 സിഗരറ്റ് വിൽക്കാൻ മാത്രമാണ് അനുമതിയുള്ളത്. സിഗരറ്റിലെ നിക്കോട്ടിൻറെ അളവിലും കുറവ് വരുത്തണണമെന്നും പുതിയ നിയമത്തിൽ പറയുന്നു.

