ഒന്നാം സെമിയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി. ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോള്‍ മത്സരത്തില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി ക്യാപ്ടന് ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി.
മഞ്ഞക്കാര്‍ഡ് മൂലം സസ്പെന്‍ഷനിലായ അക്യുനയ്ക്ക് പകരം ടഗ്ലിയാഫിക്കോയേയും ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് പകരം ലിയാന്‍ഡ്രോ പരെഡേസിനെയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തി മെസിയേയും ജൂലിയന്‍ അല്‍വാരസിനേയും മുന്നേറ്റത്തില്‍ അണിനിരത്തി 4-4-2 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മറുവശത്ത് ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഡാലിച്ച് സെമിയില്‍ വിന്യസിച്ചത്. 4-3-3 ശൈലിയിലാണ് അദ്ദേഹം ക്രൊയേഷ്യയെ വിന്യസിച്ചതെങ്കിലും അര്‍ജന്റീന പന്തുമായി മുന്നോട്ട് വരുമ്ബോള്‍ അവര്‍ 5-4-1 ശൈലിയിലേക്ക് മാറി മികച്ച പ്രതിരോധം പടുത്തുയര്‍ത്താനും അവര്‍ ശ്രദ്ധിച്ചുന്നു.
ക്രൊയേഷ്യയുടെ ടച്ചോടുകൂടി തുടങ്ങിയ മത്സരത്തില്‍ ആദ്യ പത്തു മിനിട്ടില്‍ മികച്ചൊരു നീക്കം പോലും ഇരു ടീമിന്റേയും ഭാഗത്തു നിന്നുണ്ടായില്ല. മിഡ് ഫീല്‍ഡില്‍ തന്നെയായിരുന്നു കളി. തുടക്കത്തില്‍ പന്തടക്കത്തില്‍ ക്രൊയേഷ്യയായിരുന്നു മുന്നില്‍. 25-ാം മിനിട്ടിലാണ് അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് ഗോളിലേക്ക് ആദ്യ ഷോട്ട് വന്നത്. ബോക്സിനകത്തേക്ക് കയറുന്നതിനിടെ എന്‍സോ ഫെര്‍ണാണ്ടസിന്റെ വലങ്കാലന്‍ ഷോട്ട് ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് ഇടത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. തൊട്ടു പിന്നാലെ ക്രൊയേഷ്യയ്ക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മൊഡ്രിച്ചിന് അത് മുതലാക്കാനായില്ല. 31-ാം മിനിട്ടില്‍ പെരിസിച്ചിന്റെ ചിപ്പിംഗ് ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പോയി. തൊട്ടു പിന്നാലെയുള്ള നീക്കത്തിനൊടുവിലാണ് ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ച് വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസി വലകുലുക്കി അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. തിരിച്ചടിക്കാനുള്ള ക്രൊയേഷ്യന്‍ ശ്രമങ്ങള്‍ക്കിടെ വീണുകിട്ടിയ അവസരം മുതലാക്കി കൗണ്ടര്‍ അറ്റാക്കിനവസാനം അല്‍വാരസ് നേടിയ സോളോ ഗോളിലൂടെ അര്‍ജന്റീന ലീഡുയര്‍ത്തുകയായിരുന്നു. 42-ാം മിനിട്ടില്‍ അര്‍ജന്റീന മൂന്നാം ഗോളിനടുത്തെത്തിയെങ്കിലും മക് അലിസ്റ്രറുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ലിവാകോവിച്ച് ഏറെ ശ്രമപ്പെട്ടാണ് തട്ടിയകറ്റിയത്.
രണ്ടാം പകുതിയില്‍ ഒര്സിച്ചിനേയും വ്ലാസിച്ചിനേയും കളത്തിലിറക്കി തുടക്കം മുതല്‍ ആക്രമണത്തിനാണ് ക്രൊയേഷ്യ ശ്രമിച്ചത്. എന്നാല്‍ കൃത്യമായ പ്രതിരോധം പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കുകളുമായി അര്‍ജന്റീന ആത്മവിശ്വാസത്തോടെ പൊരുതുകയായിരുന്നു. ഗോള്‍ തിരിച്ചടിക്കാനായി ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചപ്പോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത അവരുടെ പ്രതിരോധത്തിലെ പിഴവുകള്‍ അര്‍ജന്റീന തുറന്നെടുക്കുകയായിരുന്നു. ക്രൊയേഷ്യന്‍ ആക്രമണങ്ങള്‍ക്കിടെ 69-ാംമിനിട്ടില്‍ മെസിയുടെ മികച്ച പാസിലൂടെ അല്‍വാരസ് ക്രൊയേഷ്യന്‍ വലകുലുക്കി അര്‍ജന്റീനയുടെ ജയമുറപ്പിച്ചു. മൂന്നാം ഗോളിന് പിന്നാലെ അല്‍വാരസിനെ പിന്‍വലിച്ച് ഈ ലോകകപ്പില്‍ ആദ്യമായി ഡിബാലയ്ക്ക് സ്കലോണി അവസരം നല്കി.

