ജനാധിപത്യവിരുദ്ധം; ചാന്‍സലര്‍ ബില്‍ പാസാക്കിയത് ഇരുപക്ഷവും തമ്മിലുള്ള ഒത്തുകളിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 സർവകലാശാലകളിലും സിപിഎമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വി ഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പരിഹസിച്ചു.

യുഡിഎഫ് ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത് പ്രതിപക്ഷ ധർമ്മം മറന്നതുകൊണ്ടാണ്. സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നത് സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് നിലപാട് മാറ്റിയത് മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത് സർവകലാശാലകളുടെ സ്വയം ഭരണം തകർക്കാനും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് സർവ്വകലാശാല വിദ്യാർത്ഥികൾ സർക്കാരിന്റെ നിലപാട് കാരണം ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയിൽ അവതരിപ്പിച്ച ബിൽ. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവകലാശാലകൾ. ഭരണഘടനാവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.