ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ; സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈൽ ഫുഡ് ടെസ്റ്റിങ് സംവിധാനമേർപ്പെടുത്തിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഷവർമ വിൽപ്പന കേന്ദ്രങ്ങളിൽ ശക്തമായ പരിശോധന നടന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ ഷവർമ്മ എന്ന പേരിൽ 5605 കടകളിൽ പരിശോധനകൾ നടത്തി. 955 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തുവെന്ന് വീണാ ജോർജ് നിയമസഭയിൽ വിശദീകരിച്ചു.

ഓപ്പറേഷൻ ഓയിൽ എന്ന പേരിൽ നടത്തിയ പരിശോധനയിൽ വെള്ളിച്ചെണ്ണയിൽ മായം കലർത്തിയ 41 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. 201 കടകളിൽ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകളിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈൽ ഫുഡ് ടെസ്റ്റിങ് സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഈ സംവിധാനം ഉള്ള ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

പഴകിയ മത്സ്യത്തിന്റെ വിൽപന തടയുന്നതിനായി ഇതുവരെ 7516 പരിശോധനകൾ നടത്തി. പരിശോധനയിൽ 29,000ലേറെ പഴകിയ മത്സ്യം പിടികൂടി. ഇനിയും പരിശോധന തുടരും. 2021 ഏപ്രിൽ മുതൽ ഈ വർഷം ഒക്ടോബർ വരെ 75230 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയത്. ഈ പരിശോധനയിൽ 11407 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 583 സാമ്പിളുകൾ അൺ സേഫായി കണ്ടെത്തി. 307 സാമ്പിളുകൾ മിസ് ബ്രാൻഡ് ആയിരുന്നു. 237 സാമ്പിളുകൾ സബ് സ്റ്റാൻഡേർഡായും കണ്ടെത്തിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.