ഏകീകൃത സിവിൽ കോഡ്: കോൺഗ്രസിന് വീഴ്ച സംഭവിച്ചു; കെ സി വേണുഗോപാൽ

ന്യൂഡൽഹി: രാജ്യസഭയിൽ എക സിവിൽ കോഡ് ബിൽ അവതരിപ്പിച്ചപ്പോൾ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് തുറന്നു സമ്മതിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡിലെ സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു.

അക്കാര്യം ഉൾക്കൊള്ളുന്നു. വിഷയത്തിൽ മുസ്ലീം ലീഗ് പ്രകടിപ്പിച്ച ആശങ്ക സ്വാഭാവികമാണ്. സിവിൽ കോഡ് ബില്ലിൽ ശക്തമായ എതിർപ്പ് കോൺഗ്രസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിയും തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎമ്മിന്റെ നിലപാട് കോൺഗ്രസിനുള്ള ഗുഡ് സർട്ടിഫിക്കറ്റാണ്. കോൺഗ്രസ് – ലീഗ് ബന്ധത്തെ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ ഈ വാദം. കോൺഗ്രസും ലീഗും വർഗീയത പ്രചരിപ്പിക്കുന്നുവെന്നതായിരുന്നു ഇതുവരെ സിപിഎം പ്രചാരണം. സിപിഎമ്മിന്റെ നിലപാട് അവസരവാദപരമാണ്. ജനങ്ങൾ എതിരായതിന്റെ അങ്കലാപ്പാണ് സിപിഎമ്മിനെന്നും ലീഗിന്റെ ആശങ്കകൾ പരിഹരിക്കുക എന്നത് കോൺഗ്രസിന്റെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു.

സിവിൽ കോഡ് ബിൽ രാജ്യത്ത തകർക്കുന്ന ബില്ലാണ്. ബിൽ നടപ്പാക്കാൻ അല്ല ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. ഏക സിവിൽ കോഡ് ബിൽ ഏകപക്ഷീയമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് കൃത്യമായ നിലപാടും സർവകലാശാല നിയമനത്തിൽ കൃത്യമായ നയവും പാർട്ടിക്കുണ്ടെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.