മുസ്ലിം ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യും; വീണ്ടും ലീഗിനെ പ്രശംസിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ മുസ്ലിം ലീഗും ആർഎസ്പിയും ശരിയായ നിലപാട് എടുത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതോടെയാണ് നിയമസഭയിൽ യു ഡി എഫിന് ബില്ലിന് അനുകൂലമായ നിലപാടെടുക്കേണ്ടി വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രണ്ടാം തവണയാണ് മുസ്ലിം ലീഗിനെ അനുകൂലിച്ചുള്ള പരാമർശവുമായി എം വി ഗോവിന്ദൻ രംഗത്തെത്തുന്നത്.

മന്ത്രി വി അബ്ദുറഹിമാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ ഉൾപ്പെടെയുള്ളവരോട് കൂട്ടുകൂടുന്ന സമയത്ത് സിപിഎം മുസ്ലീം ലീഗിനെ വിമർശിച്ചിട്ടുണ്ട്. വർഗീയ നിറമുള്ള പാർട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് വർഗീയതയിലേക്ക് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.