കൂടുതൽ വിമർശിച്ച് പ്രശ്‌നം വഷളാക്കരുത്; ശശി തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി

കൊച്ചി: ശശി തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ. കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഒരു വിഭാഗം നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ ശശി തരൂർ എംപിയെ കൂടുതൽ വിമർശിച്ച് പ്രശ്‌നം വഷളാക്കരുതെന്ന് കെപിസിസി രാഷ്ട്രീയ സമിതിയിൽ ധാരണയായതായാണ് വിവരം.

പാർട്ടിവിരുദ്ധമായ ഒരുകാര്യവും ശശി തരൂർ ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരിപാടികളിൽ കൂടുതൽ ആളുകൾ എത്തുകയും ചെയ്യുന്നു. ശശി തരൂർ പുലർത്തുന്നത് തികഞ്ഞ മതേതരത്വ നിലപാടാണ്. ഈ സാഹചര്യത്തിൽ ഭാവിയിൽ ശശി തരൂരിന് ലഭിക്കുന്ന വേദികളിൽ നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശമാണ് യോഗം ചർച്ച ചെയ്തത്. അസമയത്തുണ്ടായ പ്രസ്താവന എന്നാണ് ചില നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരമൊരു പ്രസ്താവന വന്നപ്പോൾ അണികളിൽ ആശയക്കുഴപ്പമുണ്ടായെന്നും ഇടതുകക്ഷികൾക്ക് കോൺഗ്രസിനെ വിമർശിക്കാനുള്ള സാഹചര്യം ഇതിലൂടെ ഉണ്ടായെന്നും യോഗം വിലയിരുത്തി. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു ഇതെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.