തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇടത് നേതാക്കളുടെ പ്രസ്താവനകൾ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അവസരവാദ രാഷ്ട്രീയത്തിന്റെ അപോസ്തലൻമാർ രാഷ്ട്രീയ ലാഭം മാത്രം നോക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗിന് അധികാരം ഇല്ലാതെ നിലനിൽപ്പില്ല. മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയാക്കേണ്ടപ്പോൾ അങ്ങനെയും അല്ലാത്തപ്പോൾ മറിച്ചും ചിത്രീകരിക്കുന്നവരാണു സിപിഎമ്മുകാർ. സദ്ദാം ഹുസൈനെവരെ വോട്ടിനുവേണ്ടി ഉപയോഗിച്ചവരാണെന്നതു മറക്കരുത്. ഭീകരവാദത്തെയും വർഗീയതയെയും രാഷ്ട്രീയലാഭത്തിനായി കൂട്ടുപിടിക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം നേതാക്കളുടെ നിലപാടിലെ പൊള്ളത്തരം കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. സിപിഎമ്മിന് അവർ ഉചിതമായ മറുപടി നൽകും. ജനങ്ങളോടു പ്രതിബദ്ധതയില്ലെന്നത് സിൽവർലൈൻ പദ്ധതിയിലും എൽഡിഎഫ് സർക്കാർ തെളിയിച്ചതാണ്. ഇല്ലാത്ത പദ്ധതിക്കുവേണ്ടി മരവിപ്പിച്ച ഭൂമിയുടെ ക്രയവിക്രയങ്ങൾ ഏതു മാഫിയയെ സഹായിക്കാനാണെന്ന് കേന്ദ്രമന്ത്രി ചോദിക്കുന്നു.
സിൽവർലൈൻ പദദ്ധതിയ്ക്ക് അനുകൂലമായി ഒരു നിലപാടും കേന്ദ്രം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

