ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 റണ്‍സ് അടിച്ചുകൂട്ടി. ആദ്യ പന്തില്‍ തന്നെ സിക്‌സ് പറത്തിയ റിച്ച ഗോഷ് തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും 3 പന്തില്‍ 13 റണ്‍സ് നേടി സ്മൃതി മന്ദാന ഇന്ത്യയ്ക്കായി തകര്‍ത്തടിച്ചു. മറുപടി ബാറ്റിങില്‍ രേണുക സിങിനെതിരെ 16 റണ്‍സ് നേടാനെ ഓസ്‌ട്രേലിയക്ക് സാധിച്ചുള്ളൂ.

മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 76 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഷഫാലി വര്‍മ്മര്‍ 23 പന്തില്‍ 34 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്മൃതി മന്ദാന 49 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് നേടി. പതിനേഴാം ഓവറില്‍ സ്മൃതി പുറത്തായെങ്കിലും 13 പന്തില്‍ 26 റണ്‍സ് നേടിയ റിച്ച ഗോഷും 5 പന്തില്‍ 11 റണ്‍സ് നേടിയ ദേവിക വൈദ്യയും തിളങ്ങിയതോടെയാണ് ഇന്ത്യ മത്സരത്തില്‍ ഒപ്പമെത്തിയത്.

അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ ദേവിക ഫോര്‍ നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ബെത് മൂണിയുടെയും ടാലിയ മഗ്രാത്തിന്റെയും മികവിലാണ് നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയത്. ബെത് മൂണി 54 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ ടാലിയ മഗ്രാത്ത് 51 പന്തില്‍ 71 റണ്‍സ് നേടി.